Blogs > കേൾവിക്കുറവും പരിഹാരമാർഗങ്ങളും

Speech Therapy

Aswathi Sreejith

കേൾവിക്കുറവും പരിഹാരമാർഗങ്ങളും

പ്രായഭേദമന്യേ വിവിധ തരത്തിലുള്ള കേള്‍വിക്കുറവുകള്‍ നമ്മുടെ സമൂഹത്തില്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥകളുമായും അനുബന്ധമായ ചികിത്സകളുമായുമെല്ലാം ബന്ധപ്പെട്ട അറിവ് വളരെ ചെറിയ വിഭാഗം ആളുകള്‍ക്ക് മാത്രമേ ഉള്ളൂ എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ അറിവില്ലായ്മയാണ് ചികിത്സാമേഖലയില്‍ നിലവില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ഈ വെല്ലുവിളിയെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെ വിഭിന്നങ്ങളായ ഇടപെടലുകള്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യ തലത്തിലുമെല്ലാം നടക്കുന്നുണ്ട്. എങ്കിലും ഇപ്പോഴും നമ്മുടെ പൊതുസമൂഹത്തിന് ഈ ലക്ഷ്യം പൂര്‍ണ്ണമായി കൈവരിക്കുവാന്‍ സാധിച്ചിട്ടില്ല എന്നത് യാഥാര്‍ത്ഥഅയമാണ്.

ശ്രവണ എന്ന എന്റെ സ്പീച്ച് തെറാപ്പി ക്ലിനിക്കില്‍ തന്നെ എത്തിച്ചേരുന്നവരില്‍ മഹാഭൂരിപക്ഷം പേരും ശ്രവണസംബന്ധമായ തകരാറുകളെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തവരാണ്. പല തരത്തിലുള്ള സംശയങ്ങളും ഇവര്‍ പങ്കുവെക്കാറുമുണ്ട്. പൊതുവായ ഇത്തരം ചില സംശയങ്ങളും അവയുടെ ഉത്തരങ്ങളും വിശദമാക്കിയാല്‍ തന്നെ കേള്‍വിത്തകരാറുമായി ബന്ധപ്പെട്ട് പ്രാഥമികമായ ധാരണ നമുക്ക് ലഭ്യമാകും.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ് കേള്‍വിക്കുറവ്, ഈ അവസ്ഥയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഏതൊക്കെ എന്നത് തന്നെയാണ്.

ചിലര്‍ക്ക് പൂര്‍ണ്ണമായും കേള്‍വി ശക്തി ഇല്ലാതിരിക്കും, മറ്റ് ചിലര്‍ക്ക് ഭാഗികമായി മാത്രമേ കേള്‍വിശക്തിയുണ്ടാവുകയുള്ളൂ. ഈ രണ്ട് അവസ്ഥകളെയും പൊതുവെ കേള്‍വിക്കുറവ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടാം. വിവിധങ്ങളായ കാരണങ്ങള്‍ ഈ അവസ്ഥയിലേക്ക് നയിക്കുവാനിടയാക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ചിലത് കൂടി നമുക്ക് പരിശോധിക്കാം.

ജനിതകപരമായ കാരണങ്ങളാണ് കേള്‍വിക്കുറവിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്.

ജനന സമയത്ത് ഓക്‌സിജന്‍ ലഭ്യതക്കുറവ് പോലുള്ള ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കേണ്ടി വന്നവരിലും കേള്‍വിക്കുറവിനുള്ള സാധ്യതയുണ്ട്.

ചില മരുന്നുകള്‍ ഉപയോഗിച്ചതിന്റെ പാര്‍ശ്വഫലം, ശബ്ദമലിനീകരണം, പ്രായാധിക്യം, ചില രോഗങ്ങള്‍ തുടങ്ങിയവയും കേള്‍വിത്തകരാറിലേക്ക് നയിക്കാന്‍ കാരണമാകുന്നുണ്ട്.

ഇത്രയും പ്രതിപാദിച്ചത് കേള്‍വിത്തകരാറിലേക്ക് നയിക്കാനിടയാക്കുന്ന പൊതുവായ കാരണങ്ങളെ കുറിച്ചാണ്. ഇനി ചര്‍ച്ച ചെയ്യാനുള്ളത് രോഗനിര്‍ണ്ണയത്തെ കുറിച്ചാണ്. മുതിര്‍ന്നവരിലും കുട്ടികളിലും രോഗനിര്‍ണ്ണയം നടത്തുന്നതിന് വിഭിന്നങ്ങളായ രീതികളെ അവലംബിക്കാറുണ്ട്. ഇതില്‍ മുതിര്‍ന്നവരിലെ രോഗനിര്‍ണ്ണയവും ചികിത്സയും തുടക്കത്തില്‍ പരിശോധിക്കാം. ഓഡിയോളജി പരിശോധയ്ക്ക് എത്തിച്ചേരുന്ന കേള്‍വിക്കുറവുള്ള കൂടുതല്‍ രോഗികളും പങ്കുവെക്കുന്ന പൊതുവായ ലക്ഷണങ്ങള്‍ ഇവയാണ്.

1. ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നുണ്ട് പക്ഷെ എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.

ചിലര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച് പറയാന്‍ ആവശ്യപ്പെടുന്നവരാണ്.

മറ്റ് ചിലര്‍ക്ക് സംസാരം മനസ്സിലാക്കണമെങ്കില്‍ സംസാരിക്കുന്ന വ്യക്തിയുടെ മുഖത്ത് നോക്കുകയും ചുണ്ടനക്കം തിരിച്ചറിയുകയും വേണം.

ടി. വി. യുടെ ശബ്ദം ഏറ്റവും ഉയര്‍ന്ന അളവില്‍ വെച്ചാല്‍ മാത്രം കേള്‍ക്കാന്‍ സാധിക്കുന്നവരുമുണ്ട്.

ചിലര്‍ എത്ര ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ഇടപെടുന്നവരായാലും ഒന്നും കേള്‍ക്കാനോ തിരിച്ചറിയുവാനോ സാധിക്കാതെ വരുന്നവരാണ്.

കുട്ടികള്‍ സംസാരിക്കുന്നത് മനസ്സിലാകാതെ വരിക, മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ ഒന്നും മനസ്സിലാകാതെ വരിക തുടങ്ങിയവ തന്നെയാണ്‌കേള്‍വിത്തകരാറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്. ഇതില്‍ ഏതെങ്കിലും ഒരു ലക്ഷണം നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധണായും ഒരു കേള്‍വി പരിശോധനയ്ക്ക് താങ്കള്‍ വിധേയനാകേണ്ടതാണ്.

ഇനി എങ്ങിനെയാണ് കേള്‍വി പരിശോധന നടത്തുന്നത് എന്ന് പരിശോധിക്കാം.

ഒരു കര്‍ണ്ണരോഗ വിദഗ്ദ്ധന്റെ പരിശോധനയും വിലയിരുത്തലും ഒപ്പം പരിചയ സമ്പന്നനായ ഒരു ഓഡിയോളജിസ്റ്റിന്റെ സാന്നിദ്ധ്യവും കേള്‍വി പരിശോധന ശരിയായ രീതിയില്‍ നടത്തുവാന്‍ അനിവാര്യമാണ്. കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിര്‍മ്മിച്ച ഒരു സൗണ്ട് പ്രൂഫ് റൂമില്‍ വെച്ചായിരിക്കും കേള്‍വി പരിശോധന നടത്തുക. കേള്‍വി പരിശോധനയില്‍ വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഓഡിയോളജിസ്റ്റാണ് പരിശോധന നടത്തുന്നത് എന്ന് നിര്‍ബന്ധമായും ഉറപ്പിക്കണം. വൈദഗ്ദ്ധ്യമില്ലാത്തവര്‍ നടത്തിയാല്‍ അപ്രതീക്ഷിതങ്ങളായ പാര്‍ശ്വഫലങ്ങളിലേക്ക് നയിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുവാന്‍ ഞങ്ങളുടെ ശ്രവണ ഓഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി ക്ലിനിക്കിന് സാധിച്ചിട്ടുണ്ട്.

രോഗനിര്‍ണ്ണയം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ അടുത്ത ഘട്ടം ഈ അവസ്ഥയ്ക്കുള്ള പരിഹാരം എങ്ങിനെ ലഭ്യമാകും എന്നതാണ്.

മരുന്നുകളും സൂക്ഷ്മ ശസ്ത്രക്രിയകളും ചികിത്സയിലെ പ്രധാനപ്പെട്ട ഭാഗമാണ്. ഈ രീതികളിലൂടെ ചില വിഭാഗങ്ങളില്‍ പെടുന്ന ശ്രവണ വൈകല്യങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കും. ഈ രീതിയിലൂടെ പരിഹരിക്കാന്‍ സാധിക്കാത്ത വൈകല്യങ്ങളെ അതിജീവിക്കുവാന്‍ ശ്രവണ സഹായിയുടെ സാന്നിദ്ധ്യം സഹായകരമാകും.

കുട്ടികളിലെ കേള്‍വി പരിശോധനയെ കുറിച്ച് നമുക്ക് ഇനി സംസാരിക്കാം.

വാക്‌സിന്‍ കൊടുക്കുന്ന അതേ പ്രാധാന്യത്തോടെ തന്നെ നവജാത ശിശുക്കളില്‍ കേള്‍വി പരിശോധന നടത്തേണ്ടതാണ്. ജനിച്ച ഉടന്‍ തന്നെ ഈ പരിശോധന നിര്‍വ്വഹിക്കണം. കുട്ടികളുടെ സംസാരം, കേള്‍വി തുടങ്ങിയ കാര്യങ്ങളെ വീട്ടില്‍ വെച്ചും വിശദമായി നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും വേണം. ശബ്ദങ്ങളോട് പ്രതികരിക്കാതിരിക്കുകയോ വല്ലപ്പോഴും മാത്രം പ്രതികരിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ വിദഗ്ദ്ദനായ ഒരു ഓഡിയോളജിസ്റ്റിനെ കാണുകയും നിങ്ങളുടെ നിരീക്ഷണങ്ങള്‍ പങ്കുവെക്കുകയും ചെയ്യണം.

ജനിച്ച ഉടന്‍ തന്നെ കുഞ്ഞുങ്ങളില്‍ ചെയ്യുന്ന കേള്‍വി പരിശോധനയാണ് ഒ എ ഇ. ശ്രവണ ഓഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി ക്ലിനിക്കില്‍ ഇത് ലഭ്യമാണ്. ഈ പരിശോധന വിജയിക്കുകയാണെങ്കില്‍ കുഞ്ഞിന് കേള്‍വിത്തകരാറുകള്‍ ഇല്ല എന്നുറപ്പിക്കാം.

പരാജയപ്പെടുകയോ റഫര്‍ ചെയ്യുകയോ ചെയ്താല്‍ രണ്ടാഴ്ച കഴിഞ്ഞ് ഇതേ പരിശോധന ആവര്‍ത്തിക്കണം. ഇതും പരാജയപ്പെടുകയോ റഫര്‍ ആവശ്യമായി വരികയോ ചെയ്താല്‍ എ ബി ആര്‍ എന്ന പരിശോധനയ്ക്ക് വിധേയനാകേണ്ടതാണ്. ഈ പരിശോധനയും ശ്രവണയില്‍ ലഭ്യമാണ്.

3 മുതല്‍ ആറ് മാസം വരെയുള്ള പ്രായത്തിനിടയില്‍ തന്നെ കുഞ്ഞിന്റെ കേള്‍വി സംബന്ധമായ തകരാറുകള്‍ നിര്‍ണ്ണയിക്കുകയും ചികിത്സ ആരംഭിക്കുകയും വേണം. ഒരു ചെവിക്ക് മാത്രമുള്ള കേള്‍വിക്കുറവ്, കുറഞ്ഞ തോതിലുള്ള കേള്‍വിക്കുറവ്, sloping hearing lsso തുടങ്ങിയവ കുഞ്ഞുങ്ങളില്‍ സംഭവിക്കുമ്പോള്‍ ശ്രദ്ധയില്‍ പെടാതെ പോകുവാനുള്ള സാധ്യത കൂടുതലാണ്. എന്ന് മാത്രമല്ല ഇത് കുഞ്ഞിന്റെ ഭാവി ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാകുകയും ചെയ്യും.

ചികിത്സയെ കുറിച്ചുള്ള അറിവും പ്രധാനമാണ്.

അസുഖത്തിന്റെ വിഭാഗം ഏതാണ്, ഏത് അവസ്ഥയിലാണ് നിലവിലുള്ളത് തടങ്ങിയ കാര്യങ്ങളെയെല്ലാം പരിഗണിച്ചാണ് ചികിത്സ നിര്‍ണ്ണയിക്കപ്പെടുക. 90 ശതമാനമോ അതിന് മുകളിലോ കേള്‍വിക്കുറവനുഭവപ്പെടുകയും, ഹിയറിങ്ങ് എയിഡ്‌സ് വെച്ചിട്ടും ഫലമില്ലാതിരിക്കുകയും ചെയ്താല്‍ കോക്ലിയാര്‍ ഇംപ്ലാന്റിനെ കുറിച്ച് ചിന്തിക്കേണ്ടി വരും.

കേള്‍വിക്കുറവുണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചികിത്സാ ക്രമം തീരുമാനിക്കണം. 6 മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പോലും ശ്രവണ സഹായി തിരഞ്ഞെടുക്കാവുന്നതാണ്. കുട്ടികളിലെ ഭാഷാപാടവത്തിന്റെ വളര്‍ച്ചയ്ക്ക് കൃത്യവും വ്യക്തവുമായ കേള്‍വി ആവശ്യമായതിനാല്‍ ഏറ്റവും മികച്ച ഡിജിറ്റല്‍ ശ്രവണ സഹായികള്‍ തന്നെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

കേള്‍വിക്കുറവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്തത്. കൂടുതല്‍ വിശദമായി അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ശ്രവണ ഓഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.


Go Back

Read Next

Autism Autism
Autism Spectrum Disorder

Sreethu Haridas

2022-09-23
ASLP ASLP
Who are ASLPs? What are Hearing and speech impairments? Does treatment strategy HELP?

Priyanka

2022-09-23